കൊച്ചി: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി-20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിന്റെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകൾ തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനൽ ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈ എടുക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.
ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ല. പിണറായി വിജയന്റെ ഭരണകാലത്ത് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടത്തിയപ്പോൾ അതിനെ ന്യായീകരിച്ച് പ്രസംഗിച്ചവരാണ് ഈ മാധ്യമമെന്നും സാബു ജേക്കബ് ഓർമ്മിപ്പിച്ചു. മെസി തട്ടിപ്പിൽ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ സമഗ്രമായി പരിശോധിക്കണം.
സംസ്ഥാന-കേന്ദ്ര ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകിയാണ് അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നത്. മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കുന്ന ന്യായീകരണങ്ങൾ കാണുമ്പോൾ പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സിപിഎം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മെസിയുടെ പേരിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.